ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ഫാഷന്‍ലോകത്ത് അതിവേഗം ട്രെന്‍ഡ് ആയ ഒന്നാണ് ടാറ്റുകള്‍. ആദ്യകാലത്ത് കൈകളില്‍ മാത്രം ഇടംപിടിച്ചിരുന്ന ടാറ്റുകള്‍ അധികം വൈകാതെ തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ശരീരത്തില്‍ ടാറ്റു അടിയ്ക്കുന്നത് ആരോഗ്യപരമായി നല്ലതാണോ?. നമ്മളില്‍ പലരുടെയും മനസ്സില്‍ ഉദിച്ചിട്ടുള്ള ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സ്വീഡണിലെ ലന്‍ഡ് സര്‍വ്വകലാശാല.

ശരീരത്തില്‍ ടാറ്റു അടിയ്ക്കുന്നവര്‍ക്ക് ലിംഫോമ അഥവാ ബ്ലഡ് ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. പ്രൊഫസര്‍ ഡോ. ക്രിസ്റ്റെല്‍ നീല്‍സണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇ ക്ലിനിക്കല്‍ മെഡിസിന്‍ എന്ന ജേണലില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ടാറ്റു അടിക്കുന്നവര്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 21 ശതമാനം കൂടുതലാണെന്നാണ് പറയുന്നത്.

20 നും 60 നും ഇടയില്‍ പ്രായമുള്ള 12,000 പേരിലായിരുന്നു പഠനം. ഇവരില്‍ ടാറ്റു അടിച്ച മൂവായിരം പേര്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ ഉള്‍പ്പെടെ ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ കണ്ടെത്തി. ഇതില്‍ 36 ശതമാനം പേര്‍ യുവതീ-യുവാക്കള്‍ ആയിരുന്നു. രോഗം സ്ഥിരീകരിച്ച 22 ശതമാനം പേരുടെയും ശരീരത്തില്‍ ഒന്നില്‍ കൂടുതല്‍ ടാറ്റുകള്‍ ഉണ്ട്. പ്രായവും, പുകവലി ശീലമുള്ളവരിലുമാണ് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ സാദ്ധ്യത കൂടുതലായി കാണപ്പെടുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

ടാറ്റു അടിക്കുന്നതിലെ രാസവസ്തുക്കള്‍ ബി സെല്‍ ലിംഫോമ, ഫോളിക്യുളാര്‍ ലിഫോമ എന്നീ ക്യാന്‍സറുകള്‍ ഉണ്ടാകാനാണ് കൂടുതല്‍ സാദ്ധ്യത. ലിംഫ് നോഡുകളില്‍ മഷി അടിഞ്ഞു കൂടുന്നതാണ് രോഗത്തിലേക്ക് നയിക്കുന്നത്. ക്യാന്‍സര്‍ കൂടാതെ ത്വക്കിലെ അണുബാധ, അലര്‍ജി എന്നിവയ്ക്കും കാരണമാകും.

കാറില്‍ അടിയ്ക്കുന്ന പെയിന്റുകളില്‍ ഉപയോഗിക്കുന്ന അസോ എന്ന ഡൈ ടാറ്റുവിനായുള്ള മഷികളില്‍ ഉപയോഗിക്കാറുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് കരളിലെ ക്യാന്‍സറിന് കാരണം ആകുമെന്നാണ് കണ്ടെത്തല്‍. അസോ അകത്ത് എത്തിയാല്‍ നമ്മുടെ കരളിനെയും ബാധിക്കാം. കാഡ്മിയം, ലെഡ്, മെര്‍ക്കുറി, പ്ലാസ്റ്റിക്, നിക്കെല്‍ തുടങ്ങിയവയാണ് മഷികളിലുള്ളത്. ഇവയെല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്.

വ്യക്തിത്വം പ്രകടിപ്പിക്കുകയാണ് ടാറ്റു അടിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ടാറ്റു രൂപത്തില്‍ പതിപ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ആരോഗ്യംകൂടി അല്‍പ്പം ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പുക്കുകയാണ് ലന്‍ഡ് സര്‍വ്വകലാശാലയുടെ പഠനം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )