മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് എന്നിവരാണ് അറസ്റ്റിലായത്.

മുന്നറിയിപ്പില്ലാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കല്യാശേരിയിലുള്ള ഒരു പരിപാടി കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ അനാച്ഛാദനത്തിന് വേണ്ടി പോകുന്ന വഴി, കണ്ണൂര്‍ ടൗണില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ പൈലറ്റ് വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.

ദേശീയ മാധ്യമമായ ദ ഹിന്ദുവില്‍ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേരളത്തിലെത്തുന്നതെന്ന് പറഞ്ഞിരുന്നു.

‘123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനമുന്നയിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )