റിക്കി പോണ്ടിംഗിന് ഐപിഎല്ലില്‍ പുതിയ ചുമതല; നാലു വര്‍ഷത്തേക്ക് പഞ്ചാബ് കിങ്സ് പരിശീലകന്
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ റിക്കി പോണ്ടിംഗ് ഇനി പഞ്ചാബ് കിങ്സ് പരിശീലകന്. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രണ്ട് മാസത്തിനകം ആണ് പോണ്ടിംഗ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ടീമിന്റെ മറ്റ് പരിശീലകരുടെ കാര്യത്തിലും പോണ്ടിംഗ് തന്നെയായിരിക്കും തീരുമാനമെടുക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്ലിസിന് പകരമാണ് പോണ്ടിംഗ് പരിശീലകനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ ഏഴു സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു.
അടുത്ത സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലലത്തിന് മുമ്പ് ആരെയൊക്കെ ടീമില്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയായിരിക്കും പോണ്ടിംഗിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. കഴിഞ്ഞ സീസണിൽ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, ജിതേഷ് ശര്‍മ, വിദേശ താരങ്ങളായ സാം കറന്, ലിയാം ലിവിംഗ്സ്റ്റണ്, ജോണി ബെയര്‍സ്റ്റോ, കാഗിസോ റബാദ എന്നിവരില്‍ ആരൊയെക്കെ പഞ്ചാബ് നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാന് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ അടുത്ത സീസണിലേക്ക് പുതിയ നായകനെയും പഞ്ചാബിന് കണ്ടെത്തേണ്ടിവരും.