സീതാറാം യെച്ചൂരിയുടെ തണലിനി ഇല്ല. പ്രസന്നതിലൂടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രിയനേതാവിന് കണ്ണീര്‍പ്പൂക്കള്‍

സീതാറാം യെച്ചൂരിയുടെ തണലിനി ഇല്ല. പ്രസന്നതിലൂടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രിയനേതാവിന് കണ്ണീര്‍പ്പൂക്കള്‍

കൊച്ചി: എപ്പോഴും പ്രസന്നമായ മുഖം. സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ നേതാവിന്റെ മുഖമുദ്രയാണത്. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അദ്ദേഹം അതിജീവിക്കുന്നതും ഈ പ്രസന്നതയിലൂടെ തന്നെയാണ്. ദേശീയ തലത്തില്‍ ദുര്‍ബലമാകുന്ന സിപിഎമ്മിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന് ദൗത്യമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അദ്ദേഹം നടത്തികൊണ്ടിരുന്നത്. ഒരുപക്ഷെ, സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടി അതിന്റെ സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ്.

ഇന്ത്യ മുന്നണി രൂപീകരണം ഉള്‍പ്പടെ വഴി ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവിന്റെ പാതയിലേക്ക് സിപിഎമ്മിനെ നയിക്കുന്നതിനിടയിലാണ് ആക്സമികമായ അദ്ദേഹത്തിന്റെ വേര്‍പാട്. വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി.സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.

യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68ല്‍. ഒരു വര്‍ഷത്തെ പഠനം പ്രക്ഷോഭത്തില്‍ മുങ്ങി. പിന്നാലെ അച്ഛനു ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാര്‍ക്ക് ലഭിച്ചു. സ്റ്റീഫന്‍സില്‍നിന്ന് ബിഎ ഇക്കണോമിക്‌സില്‍ ഒന്നാം ക്ലാസുമായാണ് യെച്ചൂരി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലേക്കു പോകുന്നത്. അമര്‍ത്യ സെന്നിന്റെയും കെ.എന്‍.രാജിന്റെയുമൊക്കെ കേന്ദ്രത്തിലേക്ക്. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎന്‍യുവില്‍ അപേക്ഷിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ യെച്ചൂരി സജീവമാകുന്നത്.

രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും സീതാറാം യെച്ചൂരിയുടെ ഉറ്റ സുഹൃത്തായിരുന്നു പ്രകാശ് കാരാട്ട്. ജെഎന്‍യുവില്‍ പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎന്‍യു സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ല്‍. മൂന്നു തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നതും പ്രകാശ് കാരാട്ടിനൊപ്പമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തില്‍ സിപിഎം നിര്‍ണായക ശക്തിയായിരുന്ന സമയം യെച്ചൂരി-കാരാട്ട് ധ്രുവമാണ് പാര്‍ട്ടിയെ നയിച്ചത്. ഒടുവില്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി 2015 ഏപ്രില്‍ 19ന് വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലും എത്തിചേര്‍ന്നു.

1988ല്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി (സിസി). യെച്ചൂരിക്ക് ഒപ്പം അന്ന് എസ്.രാമചന്ദ്രന്‍പിള്ളയും അനില്‍ ബിശ്വാസും സിസിയിലെത്തി. 1992ല്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്കമൊപ്പം പൊളിറ്റ്ബ്യൂറോയില്‍ (പിബി) യെച്ചൂരി അംഗമാകുമ്പോള്‍ വയസ്സ് 38. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. ഭാഷാപ്രാവീണ്യം യെച്ചൂരിയുടെ പ്രത്യേകതയാണ്. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനല്‍കിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്ന അദ്ദേഹം രണ്ട് പ്രാവശ്യം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സീതാറാം യെച്ചൂരിയുടെ മരണത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്. മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം വിയോഗത്തിലൂടെ നഷ്ടമാകുന്നത് സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ കാവലാളെയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )