ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി
ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് 37-കാരന്റെ വിരമിക്കല്‍ തീരുമാനം.
ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നും പരിശീലക റോള്‍ ഏറ്റെടുക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും താരം അറിയിച്ചു. ടെസ്റ്റില്‍നിന്ന് താരം നേരത്തേ തന്നെ വിരമിച്ചിരുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗയാനയില്‍ ഇന്ത്യയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് അലി ഇംഗ്ലണ്ട് ജേഴ്സിയില്‍ അവസാനം കളിച്ചത്.
”എനിക്ക് 37 വയസായി, ഈ മാസത്തെ ഓസ്ട്രേലിയന്‍ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇംഗ്ലണ്ടിനായി ഞാന്‍ ധാരാളം കളിച്ചു. ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. എന്നോട് അത് പറയുകയും ചെയ്തു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നി. ഞാന്‍ എന്റെ കടമ ചെയ്തുകഴിഞ്ഞു.” – ഡെയ്ലി മെയ്ലിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.
ഇംഗ്ലണ്ടിനായി എല്ലാ ഫോര്‍മാറ്റിലും കളിച്ചിരുന്ന താരമായിരുന്നു മോയിന്‍ അലി. രാജ്യത്തിനായി 68 ടെസ്റ്റ് മത്സരങ്ങളും 138 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു. മൂന്നു ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിനായി എട്ട് സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമടക്കം 6678 റണ്‍സെടുത്തിട്ടുണ്ട്. 366 വിക്കറ്റുകളും വീഴ്ത്തി.