രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ തമിഴ്സിനിമ ലോകവും പ്രതിരോധത്തില്‍. പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്ന് ജീവ; ചോദ്യങ്ങളോട് തട്ടിക്കയറി ജീവ
ചെന്നൈ: മാധ്യമപ്രവര്‍ത്തകരും പ്രശസ്ത തമിഴ് നടന് ജീവയും തമ്മില്‍ വാക്കേറ്റം. തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. അതേസമയം തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെച്ചതായും നടിമാരുടെ ന?ഗ്ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് താന്‍ കണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.
ഒരു സ്വകാര്യ ചടങ്ങില്‍ തേനിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. പക്ഷെ, നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും നടന് ജീവ മറുപടി നല്‍കിയത്. വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ തമിഴ്നാട്ടില്‍ വലിയ ചര്ച്ചയ്ക്കാണ്തുടക്കമിട്ടിരിക്കുന്നത്. അതേസമയം, രാധികയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തിലും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അന്വേഷണ സംഘം നടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുകയാണ് . അതിന്റെയൊപ്പം തമിഴ് സിനിമയില്‍ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.