കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതോത്പാദനത്തിനായി കല്‍ക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാന്‍ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുത്തനെ ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാന്‍ പവര്‍ എക്‌ചേഞ്ചില്‍ നിന്ന് വലിയ വിലയ്ക്ക് തത്സമയം വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കേരളം കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ റിസോഴ്‌സ് അഡെക്വസി പ്ലാന്‍ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായി വരുമെന്നും കെഎസ്ഇബി വിശദീകരിച്ചു. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ശക്തി ബി4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോള്‍ ലിങ്കേജ് അനുവദിക്കാവുന്നതാണെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ഏജന്‍സിയും നീതി ആയോഗും ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോള്‍ ലിങ്കേജ് അനുവദിച്ച് ഉത്തരവായതെന്നും കെഎസ്ഇബി അറിയിച്ചു.

കോള്‍ ഇന്ത്യയുടെ ഏതെങ്കിലും കല്‍ക്കരിപ്പാടത്തില്‍ നിന്നായിരിക്കും ജി13 ഗ്രേഡിലുള്ള കല്‍ക്കരി ലഭ്യമാവുക. ഇതിലൂടെ സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി ഭാവിയില്‍ ലഭ്യമാകും. രാജ്യത്തെ നിലവിലുള്ളതോ നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ കല്‍ക്കരി നിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാറില്‍ സംസ്ഥാനം ഏര്‍പ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും കെ എസ് ഇ ബിയും കല്‍ക്കരി കമ്പനിയും വൈദ്യുത നിലയവും തമ്മിലുള്ള കരാറിലൂടെയാണ് വൈദ്യുതി ലഭ്യമാക്കുക. 2025 ജനുവരിക്ക് മുമ്പ് ഇതിനുള്ള താരിഫ് അധിഷ്ഠിത ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും 2025 ഓഗസ്റ്റോടെ വൈദ്യുതി ലഭ്യമായിത്തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )