മൊബൈല്‍ സ്വിച്ച് ഓഫ്; പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്
കോഴിക്കോട്: ബന്ധുവീട്ടില്‍വച്ച് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതിയായ നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍ പോയെന്ന് കസബ പോലീസ്.
ജയചന്ദ്രന്റെ താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചു. മൊബൈല്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
ജയചന്ദ്രനെതിരായ പോലീസിന്റെ തുടര്‍ നടപടികള്‍ വൈകുന്നുവെന്ന് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മാതാവാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കസബ പോലീസില്‍ പരാതി നല്‍കിയത്.
ഇതിനുപിന്നാലെ കഴിഞ്ഞ ജൂണില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ നടന്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ ജൂലായ് 12ന് കോടതി ഇത് തള്ളി. പിന്നീട് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദം.