മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖിൽ മാരാർക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസനിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്ന് പറ‌യുന്ന പോസ്റ്റാണ് അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖിൽ ആരോപിച്ചു. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.

താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തനിക്ക് സിപിഐഎം അനുഭാവികളിൽ നിന്ന് നിരവധി മോശം കമന്റുകൾ നേരിടേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു.

കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടേയെന്ന് ഫേസ്ബുക്കിലൂടെ തന്നെ അഖിൽ പ്രതികരിച്ചു. സിനിമാ നടൻമാരും മറ്റ് സെലിബ്രിറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകുന്നതിനേയും അഖിൽ പരിഹസിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )