വയനാട് ദുരന്തം: അച്ഛനെയും അമ്മയെയും കാത്ത് അനുജത്തിയുടെ മൃതദേഹത്തിനരികെ ശ്രുതി
മേപ്പാടി: മഴ പെയ്‌തൊഴിഞ്ഞാല്‍ ഡിസംബറില്‍ നടത്താനിരുന്ന മൂത്ത മകള്‍ ശ്രുതിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാമെന്ന സന്തോഷത്തിലായിരുന്നു ശിവണ്ണയും ഭാര്യ സബിതയും. ആ സ്വപ്നങ്ങളെയെല്ലാം തകര്‍ത്തെറിയാനുള്ള മഴയാണ് ഒരു രാത്രി പെയ്തിറങ്ങിയത്. വെള്ളാര്‍മല സ്‌കൂളിനു സമീപമായിരുന്നു അവരുടെ വീട്. മലവെള്ളപ്പാച്ചില്‍ എല്ലാം എടുത്തുകൊണ്ടുപോയി. ഒമ്പതംഗ കുടുംബത്തിലെ ഏഴ് പേരും കാണാമറയത്തായി. ഉറ്റവരെ കാത്ത് മൂത്തമകള്‍ ശ്രുതി തനിച്ചായി. അനുജത്തി ശ്രേയയുടെ മൃതദേഹം നോക്കി വിറങ്ങലിച്ചിരിക്കുമ്പോഴും അച്ഛനും അമ്മയുമൊക്കെ എവിടെ എന്ന ചോദ്യം ആണ് ഉയരുന്നത്.
ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ശിവണ്ണ, ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി എന്നിവരടക്കമുള്ളവരെയാണ് കാണാതായത്. സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും അതിശക്തമായ മഴയെത്തുടര്‍ന്നാണ് കെട്ടുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാമെന്ന് കരുതി മകന്‍ ശിവണ്ണന്റെ വീട്ടിലെത്തിയത്. ശിവണ്ണയുടെ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയയുടെ (19) മൃതദേഹം ചൊവ്വാഴ്ച കണ്ടുകിട്ടി.കോഴിക്കോട് മിംസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ് ശ്രുതി. സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേപ്പാടി പിഎച്ച്‌സിയുടെ വരാന്തയില്‍ അച്ഛനും അമ്മയ്ക്കുമായി കാത്തിരിക്കുകയാണ് ശ്രുതി.