ദുബായിലെ ആ പിന്തുണ അല്പം ഓവറായിപ്പോയില്ലേ എന്ന് എനിക്കും തോന്നി; ആസിഫ് അലി
ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ആദരിച്ച സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
‘ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു.
രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവര്ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.
വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്നായിരുന്നു ഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിഷയത്തില്‍ വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന് ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.