കുമളിയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് സംശയം
ഇടുക്കി: കുമളിയില്‍ ഇന്നലെ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യനാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ കാര്യം സ്ഥീരികരിക്കൂ.
സംഭവം നടന്ന സ്ഥലത്തെ റോഡിന്റെ അരികിലായാണ് കാറുള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയിലായിരുന്നു അപകടം. കാറിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനാണ് ആദ്യം അപകടം കണ്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് ബൈക്ക് യാത്രികന് കാറിനടുത്ത് എത്തുന്നത്. ഇതുവഴി വന്ന കെ.എസ്.ആര്.ടി.സി. ബസില്‍ നിന്ന് യാത്രക്കാരന് ചാടിയിറങ്ങി ഡ്രൈവിങ് സീറ്റിലെ ഗ്ലാസ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.