ദിവ്യ ഇരിണാവിലെ വീട്ടിലില്ല; ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്,
കണ്ണൂര്‍: പ്രതി ചേര്‍ത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരാന്‍ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അതിനിടെ എ ഡി എം നവീന്‍ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാന്‍ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നില്‍ പെട്രോള്‍ പമ്പ് വിഷയത്തിലെ സി പി ഐ ഇടപെടലും കാരണമായെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
സി പി ഐ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ ഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താന്‍ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സി പി ഐ സഹായം കിട്ടിയതാണ് വിവരം. എന്‍ ഒ സി വിഷയത്തില്‍ നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നതായി സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.