കൃഷിയിറക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞ് പൊലീസ്

കൃഷിയിറക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞ് പൊലീസ്

പാലക്കാട്: അഗളിയിലെ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യു അധികൃതരും ചേർന്നു തടഞ്ഞു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടിഎല്‍എ) വിധിയിലൂടെ ഭൂമിയിൽ പ്രവേശിച്ച് കൃഷിക്കിറങ്ങിയ നഞ്ചിയമ്മയെയും ബന്ധുക്കളെയുമാണ് തടഞ്ഞത്. അഗളിയിലെ പ്രധാന ഏക്കറിലെ നാല് ഏക്കര്‍ ഭൂമി ഉഴുതു കൃഷിയിറക്കാന്‍ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി.എ.ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും അഗളി പൊലീസുമാണുമാണ് നടപടിക്കായി എത്തിയത്.

എന്നാൽ ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായാണു ടിഎൽഎ കേസുണ്ടായിരുന്നതെന്നും 2023ൽ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു. ടിഎൽഎ കേസ് നിലനിൽക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്കു റവന്യു അധികാരികൾ ഒത്താശ ചെയ്തതായി നഞ്ചിയമ്മ ആരോപിച്ചു.

ടിഎല്‍എ കേസുകളും അതിലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്നു സമരത്തിനു നേതൃത്വം നല്‍കിയ ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കണ്‍വീനര്‍ ടി ആര്‍ ചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം 19നു ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പില്‍ കൃഷിയിറക്കുന്നതു മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )