ഹൈറിച്ച് തട്ടിപ്പ്; എച്ച്.ആര്‍ കോയിനും വ്യാജം: തട്ടിയെടുത്ത കോടികൾ ക്രിപ്റ്റോ നിക്ഷേപമാക്കിയെന്ന് ഇ.ഡി

ഹൈറിച്ച് തട്ടിപ്പ്; എച്ച്.ആര്‍ കോയിനും വ്യാജം: തട്ടിയെടുത്ത കോടികൾ ക്രിപ്റ്റോ നിക്ഷേപമാക്കിയെന്ന് ഇ.ഡി

കൊച്ചി: കോടികളുടെ തട്ടിപ്പിന് ‘ഹൈറിച്ച്’ മാനേജിങ് ഡയറക്ടർ പ്രതാപൻ മറയാക്കിയ ‘എച്ച്.ആര്‍ കോയിന്‍’ വ്യാജ ക്രിപ്റ്റോയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. തട്ടിപ്പിലൂടെ സമാഹരിച്ച കോടികൾ പ്രതാപനും കൂട്ടരും മറ്റ് ക്രിപ്റ്റോ നിക്ഷേപങ്ങളാക്കി മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രതാപന്റെയും കമ്പനിയുടെയും പേരിൽ 11 ക്രിപ്റ്റോ വോലറ്റുകളാണ് ഉള്ളത്.

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിലെ മൂന്ന് അക്കൗണ്ടുകളിൽ ഹൈറിച്ചിന്‍റെ കോടികൾ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലുള്ള പ്രതാപനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുന്നതിനാണ് ഇ.ഡി നീക്കം.

മണിചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചത്. കേരള പൊലീസ് രജിസ്റ്റർ ചെയ്ത 15 കേസുകളിൽതന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് കോടതിയെ അറിയിച്ചു.

ഇ‍.ഡി അസി. ഡയറക്ടർ ജി. ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം ഡിജിറ്റൽ കറൻസിയാക്കിയതിനാൽ ഡിജിറ്റൽ ഫോറൻസിക് കുറ്റാന്വേഷണ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ പണം നിക്ഷേപിച്ചാൽ 10 മടങ്ങുവരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇ.ഡി പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )