കവികളെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല; കവിയരങ്ങിന് പോകുന്നില്ലെന്ന് മുന്‍പേ പറഞ്ഞിരുന്നുവെന്ന് സച്ചിദാനന്ദന്‍
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയും വിറാസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കവിയരങ്ങിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കവിയരങ്ങിന്റെ കാര്യം ആരോ ശ്രദ്ധയില്‍ പെടുത്തി. ഞാന്‍ പോകുന്നില്ലെന്നു മുമ്പേ പറഞ്ഞിരുന്നു. എനിക്ക് ആദ്യം അയച്ചു കിട്ടിയ പോസ്റ്റുകള്‍ പറഞ്ഞത് – അഥവാ ഞാന്‍ മനസ്സിലാക്കിയത്- എന്റെ ‘ പ്രവാചകനും ഉറുമ്പും ‘ എന്ന കവിതയുടെ ചര്‍ച്ച ആണെന്നാണ്.
അതിനു പറ്റിയ ഒരു കവിത അയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ഒപ്പം എഴുതിയ സിദ്ധാര്‍ത്ഥനും അണ്ണാറക്കണ്ണനും, യേശുവും കഴുതയും എന്നീ കവിതകള്‍ വീഡിയോ ആയി അയക്കുകയും ചെയ്തു. ബാക്കി ആരെല്ലാം എന്ന് ഒരു കവിക്കും അറിയില്ലായിരുന്നു. അതിനാല്‍ കവികളെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല.
സംഘാടകര്‍ ആരാണെന്നോ അവര്‍ മുന്‍പ് സംഘടിപ്പിച്ച പരിപാടികളുടെ സ്വഭാവം എന്താണെന്ന് അറിയുകയോ ചെയ്യാതെ ക്ഷണം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് സച്ചിദാനന്ദന്റെ പോസ്റ്റിന് താഴെ എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.