നാലരവർഷത്തോളമായി വെളിച്ചംകാണാത്ത ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്; പുറത്തുവിടാതിരിക്കാൻ കാരണങ്ങൾ നിരവധി
തിരുവനന്തപുരം; ജസ്റ്റിസ് ഹേമ കമ്മിറ്റി പഠിച്ചു കണ്ടെത്തി തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ അവ്യക്തമായ കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിൽ പരാമർശം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന വിവരാവകാശ കമീഷനും കൈമാറാൻ സർക്കാർ മടിച്ചിരുന്നു. ഒടുവിൽ വിവരാവകാശ നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരത്തോടെ കമീഷൻ സർക്കാരിൽനിന്ന് റിപ്പോർട്ട് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പുറത്തുവിടണമെന്ന് കമീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.
കലാരംഗത്തെ സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും തൊഴിലും മറ്റും മെച്ചപ്പെടുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടാണ് ഇങ്ങനെ നൽകാതിരുന്നത്. പരാതിക്കാരന്റെ താൽപര്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ട് വായിക്കാൻ വേണ്ടി കമ്മിഷൻ ആവശ്യപ്പെട്ടപ്പോൾ നൽകാൻ ഉദ്യോഗസ്ഥർ മടിച്ചത് വിവരാവകാശ കമ്മിഷന്റെ അധികാരങ്ങളും അവകാശങ്ങളും മനസ്സിലാക്കാതെയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടി വിമൻ ഇൻ സിനിമ കലക്ടീവ് മുഖ്യമന്ത്രിക്കു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2017 ജൂലൈ ഒന്നിന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്.
മുതിർന്ന നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവർ അംഗങ്ങളായിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ നീക്കമായിരുന്നു അത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് കമ്മിറ്റിക്കു വേണ്ട സൗകര്യങ്ങളൊരുക്കിയത്. 1.06 കോടി രൂപയാണ് സമിതി അംഗങ്ങളുടെ ശമ്പളം ഉൾപ്പെടെ ചെലവുകൾക്കായി വേണ്ടി വന്നത്.