ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ സെപ്റ്റംബര്‍ 6ന് തന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ കാണാം; കങ്കണ റനൗട്ട്
ഡല്‍ഹി: പാര്‍ലമെന്റില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ സെപ്റ്റംബര്‍ 6ന് തന്റെ സിനിമ ‘എമര്‍ജന്‍സി’ പുറത്തിറങ്ങുമ്പോള്‍ കാണാമെന്നു കങ്കണ റനൗട്ട്. കങ്കണയുടെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ‘എമര്‍ജന്‍സി’ എന്ന ചിത്രം.
”ഭരണഘടനയെ പാര്‍ലമെന്റില്‍ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 6ന് വെളിപ്പെടും. ഈ സിനിമയുടെ നിര്‍മാണ ഘട്ടങ്ങളില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. സ്വന്തമായി ഫണ്ട് കണ്ടെത്തിയും ആഭരണങ്ങള്‍ വിറ്റുമാണു സിനിമ പൂര്‍ത്തിയാക്കിയത്. ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുതന്നെ ലഭിച്ച ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണ്”- കങ്കണ പറയുന്നു.
അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ക്കു ഭരണഘടനയെക്കുറിച്ചു പറയാന്‍ അവകാശമില്ലെന്നും ജനങ്ങളിതു മനസ്സിലാക്കി കോണ്‍ഗ്രസിനെ തള്ളിയതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാവാതിരിക്കാനാണു ജനങ്ങള്‍ ബിജെപിക്ക് എതിരെ വോട്ടു ചെയ്തതെന്നു കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും പ്രധാനമന്ത്രി മോദി 140 കോടി ഇന്ത്യക്കാരെ കഴിഞ്ഞ 10 വര്‍ഷം ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ യിലിട്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണു കങ്കണയുടെ പ്രതികരണം.
1975-ലെ ഇന്ത്യന്‍ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണു കങ്കണ ‘എമര്‍ജന്‍സി’ ഒരുക്കുന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഇന്ദിരാ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നതും കങ്കണയാണ്. മലയാളി താരം വിശാഖ് നായരാണ് ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്.