‘ജനങ്ങൾ നിങ്ങൾക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ’; മോദിക്കെതിരെ ചിദംബരം

‘ജനങ്ങൾ നിങ്ങൾക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ’; മോദിക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പരാമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവനകള്‍ക്ക് രൂക്ഷമറുപടിയുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങള്‍ ബിജെപിക്കെതിരായി വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് മോദിക്ക് മറുപടിയായി പി ചിദംബരം എക്സില്‍ കുറിച്ചു

‘ഭരണഘടനയെ സംരക്ഷിക്കാന്‍ അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ ഈ ഭരണഘടന തന്നെ മറ്റൊരു അടിയന്തരാവസ്ഥ ഇല്ലാതെയാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അതുകൊണ്ട് ബിജെപിക്കെതിരായി അവര്‍ ശരിക്കും വോട്ട് ചെയ്തു. പതിനെട്ടാം ലോക്‌സഭയിലേക്ക് ജനങ്ങള്‍ വോട്ട് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒരിക്കലും തൊട്ടുകളിക്കാന്‍ സമ്മതിക്കില്ല എന്ന സന്ദേശം നല്‍കിക്കൊണ്ടായിരുന്നു. ഇന്ത്യ എന്നും ഒരു ജനാധിപത്യ, ലിബറല്‍, മതേതര രാജ്യമായി നിലനില്‍ക്കും’; പി ചിദംബരം കുറിച്ചു

ഭരണഘടനയുമായി സര്‍ക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപിയുടെ ശ്രമം. അടിയന്തരാവസ്ഥാ വാര്‍ഷിക ദിനമായ ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. ദില്ലി ദേശീയ ആസ്ഥാനത്തെ പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.

18-ാം ലോക്‌സഭയുടെ ആദ്യ ദിനത്തില്‍ തന്നെ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ ബിജെപി ആക്രമിക്കുന്നു എന്നാണ് ഇന്‍ഡ്യ സഖ്യം നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിരന്തരം ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥ കോണ്‍ഗ്രസിനെതിരെ രാഷ്ട്രയ ആയുധമാക്കാനാണ് ബിജെപി നീക്കം.

അടിയന്തരാവസ്ഥയിലൂടെ ഇന്ദിര ഗാന്ധി ജനാധിപത്യത്തെ തകര്‍ത്തു എന്നാണ് ആരോപണം. ജനാധിപത്യത്തിലെ കറുത്ത ദിനങ്ങള്‍ എന്ന് പേരിട്ട് ദില്ലി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും . സമ്മേളനങ്ങള്‍, സെമിനാറുകള്‍ , അടിയന്തരാവസ്ഥ തടവുകാരുടെ കൂട്ടായ്മ അങ്ങനെ വിവിധ പരിപാടികള്‍ നടക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )