ആമ്പല്ലൂരിൻ്റെ സാംസ്ക്കാരിക നായകൻ നവതിയുടെ നിറവിൽ
ആമ്പല്ലൂർ ഗ്രാമത്തിൽ നാലു തലമുറകളുടെ വളർച്ചയും തളർച്ചയും തിരിച്ചറിഞ്ഞ ഗുരുശ്രേഷ്ഠൻ പ്രൊഫസർ ആമ്പല്ലുർ അപ്പുക്കുട്ടൻ നവതിയുടെ നിറവിലാണ് ‘ആമ്പല്ലൂരിലെ സാംസ്ക്കാരിക നായകനെന്നപദവിയും അപ്പുക്കുട്ടൻ മാഷിന് സ്വന്തം. ജീവിതത്തിൻ്റെ ഉന്നത മേഖലകളിൽ വിരാ ജിക്കുന്ന ശിഷ്യ പരമ്പരയുടെ അമൂല്യ സമ്പത്തുമായി നവതി യിലെത്തിയ അപ്പുക്കുട്ടൻ മാഷ് ആമ്പല്ലുരിൻ്റെ പുണ്യമാണ്. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അപ്പുക്കുട്ടൻ മാഷ് മാതൃഭാഷയെ ഹൃദയത്തോട് ചേർത്തു വെച്ചു.നിരവധി കൃതികൾ രചിച്ചിട്ടുള്ള മാഷ് കേരള കലാക്ഷേത്രക്ക് രംഗത്ത് കഥകളി അവതരിപ്പിക്കുവാൻ രണ്ട് ആട്ടക്കഥകൾ രചിച്ച് അവതരിപ്പിക്കപ്പെട്ടു.മൂന്നാമത്തെ ആട്ടക്കഥയുടെ രചനയിലാണ്.
ആമ്പല്ലൂർ ഗ്രാമത്തിൽ പകരക്കാരനില്ലാത്ത സാംസ്ക്കാരിക നായകനായി നാട്ടുകാർ ഇദ്ദേഹത്തെ സ്നേഹിക്കുന്നു. നാട്ടിലെ എല്ലാ സാംസ്ക്കാരിക പരിപാടികളിലും മാഷിൻ്റെ നിറസാന്നിദ്ധ്യമുണ്ടാകും.ആലുവ യു സി.കോളേജിൽ നിന്നും ആരംഭിച്ച അധ്യാപനവൃത്തി മൂന്ന് പതിറ്റാണ്ടിനു ശേഷം തലയോലപ്പറമ്പ് ഡി.ബി.കോളേജിൽ നിന്നും വിരമിച്ചു. കൊല്ലവർഷം 1111 ചിങ്ങമാസത്തിലെ പുണർതം നക്ഷത്രത്തിൽ പൂഴിക്കൽ അച്ചുതൻ നായരുടെയും കോറോത്ത് ലഷ്മിയമ്മയുടെയും മകനായി ജനിച്ച മാഷ് മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഈറ്റില്ലമായ ആമ്പല്ലൂർ ഗ്രാമത്തിൻ്റെ അഭിമാനവുമാണ്. ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നവതി ആഘോഷിക്കുന്ന അപ്പുക്കുട്ടൻ സാറിന് ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനകീയ ആദരവ് ജനു: 1 ന് തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതി ഹാളിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് നൽകും.