ഇറാനെ ലക്ഷ്യമിട്ട് യു.എസ്

ഇറാനെ ലക്ഷ്യമിട്ട് യു.എസ്

ഇറാൻ സൈനിക ഉപദേഷ്ടാവ് സിറിയൻ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലില്‍ ഇന്ത്യൻ ചരക്കുകപ്പല്‍ ആക്രമണത്തില്‍ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തെഹ്റാനെ ലക്ഷ്യമിട്ട് യു.എൻ അന്താരാഷ്ട്ര ആണവോര്‍ജ സമിതി വെളിപ്പെടുത്തലും.

ലണ്ടൻ: ഇറാൻ സൈനിക ഉപദേഷ്ടാവ് സിറിയൻ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലില്‍ ഇന്ത്യൻ ചരക്കുകപ്പല്‍ ആക്രമണത്തില്‍ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തെഹ്റാനെ ലക്ഷ്യമിട്ട് യു.എൻ അന്താരാഷ്ട്ര ആണവോര്‍ജ സമിതി വെളിപ്പെടുത്തലും.

ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും രോഷം പടരുന്നതിനിടെയാണ് ഇറാൻ ആണവായുധശേഷിയുള്ള സമ്ബുഷ്ട യുറേനിയം ഉല്‍പാദനം വര്‍ധിപ്പിച്ചെന്ന ആണവോര്‍ജ സമിതി വെളിപ്പെടുത്തല്‍. ഇറാൻ നീക്കം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു.

നേരത്തേ കുറച്ചുകൊണ്ടുവന്ന സമ്ബുഷ്ട യുറേനിയം ഉല്‍പാദനം കഴിഞ്ഞ ആഴ്ചകളില്‍ മൂന്നിരട്ടി കൂട്ടിയെന്ന് സമിതി റിപ്പോര്‍ട്ട് പറയുന്നു. നഥാൻസ്, ഫോര്‍ദോ നിലയങ്ങളില്‍ 60 ശതമാനം സമ്ബുഷ്ട യുറേനിയം പ്രതിമാസം ഒമ്ബതു കിലോ ആണ് ഉല്‍പാദിപ്പിക്കുന്നത്. ജൂണില്‍ പ്രതിമാസം മൂന്നു കിലോ ആയിരുന്നതാണ് ഉയര്‍ത്തിയത്. ആണവായുധ നിര്‍മാണത്തിന് 90 ശതമാനം സമ്ബുഷ്ട യുറേനിയമാണ് വേണ്ടത്. അതുകൊണ്ടുതന്നെ, നിലവിലെ ഉല്‍പാദനം ആണവായുധ ഉല്‍പാദനത്തിനല്ലെന്നും പൂര്‍ണമായി നിയമപ്രകാരമാണെന്നും ഇറാൻ ആണവോര്‍ജ മേധാവി മുഹമ്മദ് ഇസ്‍ലാമി പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഒക്ടോബര്‍ അവസാനത്തിലെ കണക്കുകള്‍പ്രകാരം ഇറാന്റെ കൈവശമുള്ള സമ്ബുഷ്ട യുറേനിയം ശേഖരം 4486.8 കിലോയാണ്. 2015ല്‍ ലോകശക്തികളും ഇറാനും തമ്മിലെ ധാരണപ്രകാരം 202.8 കിലോയില്‍ കൂടരുതെന്നാണ് വ്യവസ്ഥ. എന്നാല്‍, 2018ല്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലിരിക്കെ കരാറില്‍നിന്ന് യു.എസ് പിൻവാങ്ങിയതിനാല്‍ നിലവില്‍ ഈ വ്യവസ്ഥയും ബാധകമല്ലെന്ന് ഇറാൻ പറയുന്നു.

ഇറാനുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൂതികള്‍ ചെങ്കടല്‍ കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം ശക്തമാക്കുകയും ലബനാനില്‍ ഹിസ്ബുല്ല ഇസ്രായേലിനെതിരെ നിലയുറപ്പിക്കുകയും ചെയ്തത് ഇസ്രായേലിനെയും യു.എസിനെയും തെല്ലൊന്നുമല്ല സമ്മര്‍ദത്തിലാക്കുന്നത്. ഇറാഖ്, സിറിയ രാജ്യങ്ങളിലെ യു.എസ് സൈനികതാവളങ്ങള്‍ക്കുനേരെയും ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സിറിയൻ തലസ്ഥാനമായ ഡമസ്കസില്‍ മുതിര്‍ന്ന ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് റാസി മൂസവി കൊല്ലപ്പെട്ടത്. ഇതിന് ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാഖിലെ ഇര്‍ബില്‍ വ്യോമതാവളം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇറാൻ അനുകൂല മിലീഷ്യ ഗ്രൂപ്പായ കതാഇബ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് മൂന്നിടത്ത് യു.എസ് ബോംബറുകള്‍ ആക്രമണം നടത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )