നവീൻ പട്‌നായിക്കിൻ്റെ ‘ആദ്യ ഉത്തരവ്’ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി; ബിജെഡി
ഒഡീഷയിൽ നവീൻ പട്‌നായിക് വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെഡി. പട്നായിക് ആറാം തവണയും ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഒഡീഷയിലെ 90 ശതമാനം ജനങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണമാണ് ആദ്യ ഉത്തരവെന്നും ബിജെഡിയുടെ മുതിർന്ന നേതാവും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത സഹായിയുമായ വികെ പാണ്ഡ്യൻ പറഞ്ഞു.
‘മഹാപ്രഭുവിൻ്റെയും (ജഗന്നാഥൻ്റെയും) നിങ്ങളുടെയും (ജനങ്ങൾ) അനുഗ്രഹത്തോടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നവീൻ ബാബു ജൂൺ 9 ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഒഡീഷയിലെ 90 ശതമാനം ജനങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണവും സർക്കാർ ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും ബിജു സ്വാസ്ഥ്യ കല്യാൺ യോജന (ബിഎസ്‌കെവൈ) വിപുലീകരിക്കുന്നതുമായിരിക്കും ആദ്യ ഉത്തരവ്’ ദിയോഗർ ജില്ലയിലെ സന്ദർശന വേളയിൽ മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൻ്റെ ഒരു ചെറിയ വീഡിയോ പങ്കുവെച്ചുകൊണ്ട് പാണ്ഡ്യൻ പറഞ്ഞു.
ബിജെഡിയുടെ സൗജന്യ വൈദ്യുതി വാഗ്ദാനത്തിൽ സംസ്ഥാന ബിജെപി നേതാവ് സമീർ മൊഹന്തി വിശദീകരണം തേടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും പാണ്ഡ്യൻ്റെയും ഈ ഹ്രസ്വ വീഡിയോ പുറത്തുവന്നത്. പ്രതിമാസം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന എല്ലാ ഗാർഹിക വീടുകൾക്കും സൗജന്യ വൈദ്യുതി നൽകുമെന്ന് ബിജെഡി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. 100-150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് 50 യൂണിറ്റുകൾ സൗജന്യമായിരിക്കും.