ലോക്സഭ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂര്‍ദ്വാറിലും ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ത്തു. സുരക്ഷസേനയും പോളിങ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
അതേസമയം, ഛത്തിസ്ഗഡിലെ ബിജാപൂരില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പോളിങ് ബൂത്തിന് 500 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.