ഇനി കാര്യം നടക്കും; തലസ്ഥാന വികസനത്തിനായി മാര്‍ഗരേഖയിറക്കാന്‍ ഒരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാര്‍ഗ്ഗരേഖ ഇറക്കാന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തില്‍ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയാണ് പുതിയ പ്രചാരണം.
പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍ രാജീവ് ചന്ദ്രശേഖര്‍ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈന്‍ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള കുത്തും. തീരമേഖലയുടെ സമഗ്രവികസനത്തിനുള്ള ബ്ലൂ എക്കണോമി, തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാന്‍ സ്റ്റഡീഡ് ഇന്‍ ട്രിവാന്‍ഡ്രം അടക്കം ബ്രാന്‍ഡ് ട്രിവാന്‍ഡ്രത്തിനായി മുന്നോട്ട് വെച്ച ആശയങ്ങളേറെ. അടുത്ത ഘട്ടമെന്ന നിലക്കാണ് നടത്തേണ്ട കാര്യങ്ങള്‍ ജനങ്ങളോട് ചോദിച്ചറിയുന്നത്. 807 807 0777 എന്ന നമ്പറില്‍ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാം. പന്നാലെ മാര്‍ഗ്ഗരേഖ ഇറക്കും.
രാഷ്ട്രീയത്തിനതീതമായി നഗരവികസനം മുന്‍നിര്‍ത്തി തരൂരിനെ തുണച്ചിരുന്ന പൗരപ്രമുഖരെയും യുവവോട്ടര്‍മാരെയും രാജീവ് ചന്ദ്രശേഖര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശകാര്യ വിദഗ്ധന്‍ ടിപി ശ്രീനിവാസനാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍. ജയിച്ചാല്‍ എംപി എന്ന നിലക്ക് മാര്‍ഗ്ഗരേഖ നടപ്പാക്കും, അല്ലെങ്കിലും തലസ്ഥാന വികസനത്തിനൊപ്പമുണ്ടാകും ഇതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.