രേണുക സ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം
രേണുക സ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദര്‍ശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും, തെളിവുകള്‍ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തിയും നടത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദര്‍ശന്‍ കോടതിയില്‍ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ നിയമോപദേശകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
തിനായി മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പോകണമെന്നും ജാമ്യാപേക്ഷയില്‍ നടന്‍ സൂചിപ്പിച്ചിരുന്നു. ദര്‍ശന് ഏത് ഡോക്ടറെ വേണെമെങ്കിലും കാണാമെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണം ഇതില്‍ വീഴ്ചയുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടാണ് രേണുക സ്വാമി മരണപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ദര്‍ശന്റെ കടുത്ത ആരാധകന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി.
ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്. ബംഗളൂരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിക്കുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ പീന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പെല്ലിനും നടുവിനും കയ്യിലും ഗുരുതരമായി മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലായവര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം സാമ്പത്തിക തര്‍ക്കത്തില്‍ കൊലപാതകം നടത്തിയെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതല്‍പ്പേര്‍ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ദര്‍ശന്റെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.