കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
എട്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്ട്ടിന് എതിരെ ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചത്. കേസിലെ പ്രതി ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിര്‍മിക്കാന്‍ പഠിച്ചത് എന്ന തടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.ഇതിലെ കൂടുതല്‍ വസ്തുത അന്വേഷണത്തിനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്.
വിദേശത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ ആണ് കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ ആകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.