വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഉണ്ട്; ഹൈക്കോടതി
കൊച്ചി: വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അവകാശങ്ങള്‍ തന്നെ സ്കൂട്ടര്‍ ഓടിക്കുന്നവര്ക്കുമുണ്ടെന്ന് ഹൈക്കോടതി. രാത്രികാലങ്ങളില്‍ ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ അകപ്പെടുന്ന ചെറിയ വാഹനങ്ങൾ കാനകളിലും മറ്റും വീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. മുന്നിലെ ഗ്രില്ലിനുള്ളില്‍വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ഹെവി വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
മൂന്നാറില്‍ കെ.എസ്.ആര്.ടി.സി. ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇതുവരെയുള്ള നടപടികള്‍ വിശദമാക്കി സര്‍ക്കാരും കെ.എസ്.ആര്.ടി.സി.യും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു. കെ.എസ്.ആര്.ടി.സി. റോയല്‍വ്യൂ ടൂറിസ്റ്റ് ബസുകളില്‍ അനുവദനീയമായതിലധികം ലൈറ്റുകളുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് കോടതി കണ്ടെത്തിയിരുന്നു.