മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും സ്വാഗതം ചെയ്യും; കൊല്‍ക്കത്ത കേസിലെ പ്രതിയുടെ അമ്മ

മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും സ്വാഗതം ചെയ്യും; കൊല്‍ക്കത്ത കേസിലെ പ്രതിയുടെ അമ്മ

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി പ്രതിയുടെ മാതാവ് മാലതി റോയി. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു. അവന്‍ അര്‍ഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുമെന്നും മാലതി റോയി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയുടെ പ്രതികരണം. അതേസമയം സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിതയും പറഞ്ഞിരുന്നു. സഹോദരന്‍ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാന്‍ ഭയമായി. തന്റെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് പോലും പഴികേള്‍ക്കേണ്ടി വന്നെന്നും സഹോദരി പറഞ്ഞു.

2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )