‘മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ’; കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
കളമശ്ശേരി കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിലാണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. കോഴിക്കോട് താമരശേരിയില്‍ നിന്നുള്ള സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, ഇതര സംസ്ഥാന വിദ്യാര്‍ത്ഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്.
അഞ്ഞൂറ് മുതല്‍ അറുന്നൂറോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ ആയിരത്തിലേറെ പേര്‍ നിലയുറപ്പിച്ചിരുന്നു. മഴ പെയ്തതോടെ അടച്ചിട്ട ഗേറ്റ് തുറന്ന് അഞ്ഞൂറോളം പേര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് ഇരച്ച് കയറിയതോടെയാണ് അപകടം സംഭവിച്ചത്. താഴേയ്ക്ക് പടിക്കെട്ടുള്ള ഓഡിറ്റോറിയത്തില്‍ ആദ്യം എത്തിയവര്‍ തിരക്കില്‍പ്പെട്ട് വീഴുകയും പിന്നാലെ എത്തിയവര്‍ അവര്‍ക്ക് മുകളില്‍ വീഴുകയും ചെയ്തതാണ് ദാരുണമായ അപകടത്തിന് കാരണമായത്.