കൂത്താട്ടുകുളത്തെ നാടകീയ സംഭവങ്ങളില്‍ 50 പേര്‍ക്കെതിരെ കേസ്
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയത്തിനിടെ തട്ടിക്കൊണ്ട് പോയ കൗണ്‍സിലര്‍ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാ രാജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു എന്ന് എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം നഗരസഭ ചെയര്‍പേഴ്സന്റെ കാറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷാണ് ഒന്നാം പ്രതി . ഐപിസി 140(3),126(2),115(2),189(2),191(2),190 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കാറില്‍ നിന്ന് ഇറങ്ങിയ തന്റെ വസ്ത്രങ്ങള്‍ വലിച്ചുമാറ്റിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു ആവര്‍ത്തിച്ചു. ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി മാറ്റുകയായിരുന്നു. താന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തനിക്കെതിരെ ആക്രോശങ്ങളുമായി ഒരു കൂട്ടര് പാഞ്ഞെത്തിയെന്നും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പറിച്ചുനീക്കിയെന്നും കലാ രാജു ആരോപിച്ചു. പൊതുജന മധ്യത്തിലാണ് സംഭവങ്ങളത്രയും നടന്നത്. ഇതില്‍ തങ്ങള്‍ വെള്ളംചേര്‍ത്ത് ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും കലാ രാജു പറഞ്ഞു.