എന്‍ എം വിജയന്റെ ആത്മഹത്യ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍
കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ജില്ലയില്‍ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. 20, 21, 22 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി എന്‍.ഡി.അപ്പച്ചനും കെ.കെ.ഗോപിനാഥനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ 20 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഏതെങ്കിലും മൂന്നുദിവസം ഹാജരാകാനാണ് ഐസി ബാലകൃഷ്ണന് ഉള്ള നിര്‍ദ്ദേശം.