ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് ഇനി പെട്രോള്‍ കിട്ടില്ല; പുതിയ നിയമവുമായി യുപി സര്‍ക്കാര്‍

ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് ഇനി പെട്രോള്‍ കിട്ടില്ല; പുതിയ നിയമവുമായി യുപി സര്‍ക്കാര്‍

ലക്‌നൗ: റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രധാന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘നോ ഹെല്‍മറ്റ് നോ ഫ്യുവല്‍’ നയമാണ് നടപ്പിലാക്കുന്നത്. 2025 ജനുവരി 26 മുതല്‍ ലഖ്നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കില്ല എന്ന നയം നടപ്പിലാക്കാനാണ് നീക്കം. ഈ നയം പ്രകാരം ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നിറയ്ക്കാന്‍ പമ്പുകളില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ല. ബൈക്ക് ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന റൈഡര്‍മാര്‍ക്കും പെട്രോള്‍ നല്‍കില്ല. റോഡപകട മരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യ പാല്‍ ഗാംഗ്വാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ഹെല്‍മെറ്റ് ധരിക്കാത്തതുമൂലമുള്ള മരണങ്ങള്‍ തടയുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെല്‍മറ്റ് ധരിക്കുന്നത് ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ക്കും പിന്‍സീറ്റ് യാത്രികര്‍ക്കും നിര്‍ബന്ധമാണ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, 1988, ഉത്തര്‍പ്രദേശ് മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ്, 1998 എന്നിവ പ്രകാരമാണ് ഈ വ്യവസ്ഥ നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ പെട്രോള്‍ പമ്പുകളിലും ഏഴ് ദിവസത്തിനുള്ളില്‍ ഈ നയം വ്യക്തമായി എഴുതിയിരിക്കുന്ന വലിയ സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തര്‍ക്കം ഒഴിവാക്കാന്‍ പെട്രോള്‍ പമ്പ് ഉടമകള്‍ തങ്ങളുടെ സിസിടിവി ക്യാമറകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )