ചേന്ദമംഗലത്തെ കൂട്ടകൊലക്കേസ്; എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാന്‍
കൊച്ചി: ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതി ഋതുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്കടിച്ചു. ഋതുവും അയല്‍വാസികളും തമ്മില്‍ ഒരു വര്‍ഷത്തോളമായി തര്‍ക്കം നിലനിന്നിരുന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി.
കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു(69), , ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന്‍ വിനീഷ ദമ്പതികളുടെ മക്കളുടെ മുന്‍പിലായിരുന്നു ക്രൂരമായ ആക്രമണം.
ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഋതുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു വേണുവിന്റെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.