രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണം: ജി സുധാകരൻ
ആലപ്പുഴ: സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. 62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. എംഎൽഎ ആയിരുന്നത് കൊണ്ട് പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ ചോദിച്ചു. സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോൾ എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാൻ പത്ത് പൈസയില്ലായിരുന്നു.
സർക്കാർ പണം മുടക്കിയാണ് വി എസ് സർക്കാർ സഹകരണ മേഖലയെ സംരക്ഷിച്ചത്. പുതിയ തലമുറയായാലും പഴയ തലമുറ ആയാലും ഇച്ഛാശക്തിയുള്ളവർക്കേ വിജയിക്കാനാവൂ. എങ്കിലേ ഏത് രംഗത്തും ശോഭിക്കാൻ കഴിയൂ. വിലക്കയറ്റം ഇവിടെ രൂക്ഷമാണ്. വിലവിവരപ്പട്ടിക വെക്കണമെന്നത് പാലിക്കുന്നില്ല. സാധനങ്ങൾക്ക് പലകടകൾ പല വില വാങ്ങുന്നു. ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നും ജി സുധാകരൻ ചോദിച്ചു