‘സമാധി’ക്കൊപ്പം വൈറലായി ‘സബ് കളക്ടറും’; മൊഞ്ചന്‍ കളക്ടര്‍ ആരെന്ന് തേടി കമന്റ് ബോക്സുകള്‍
തിരുവനന്തപുരം; കഴിഞ്ഞ കുറച്ചു നാളുകളായി നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ സമാധിയാണ് സോഷ്യല്‍മീഡിയയില്‍ പ്രധാന ചര്‍ച്ച. സമാധിയെയും കല്ലറയെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വിവാദങ്ങളും ഉയരുന്നതോടൊപ്പം തന്നെ തിരുവനന്തപുരം സബ് കളക്ടറും വൈറലായി. സൈബര്‍ ലോകത്താകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടര്‍ ആരാണെന്നാണ്. നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ കളക്ടറിന്റെ വീഡിയോയ്ക്ക് താഴെ, അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും അന്വേഷിക്കുകയാണ്.
ആല്‍ഫ്രഡ് ഒവി എന്നാണ് സബ് കളക്ടറുടെ പേര്. 2022 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കണ്ണൂര്‍ സ്വദേശിയാണ്.57 ാം റാങ്ക് ജേതാവാണ്. നിലവില്‍ തിരുവനന്തപുരം സബ് കളക്ടറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായി സേവനമനുഷ്ഠിച്ചുവരുന്നു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. 2017 ല്‍ ബംഗളൂരു ക്രൈസ്റ്റ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ഡല്‍ഹിയില്‍ ഒരു വര്‍ഷം സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്തു.
കോളേജ് പഠനകാലത്താണ് സിവില്‍ സര്‍വ്വീസ് സ്വപ്നം ഉണ്ടാവുന്നതും അതിനായി പരിശ്രമിക്കുന്നതും. ആദ്യ തവണ മെയിന്‍സില്‍ തോറ്റെങ്കിലും രണ്ടാം ശ്രമത്തില്‍ 310ാം റാങ്കോടെ ഇന്ത്യന്‍ നാഷണല്‍ പോസ്റ്റല്‍ സര്‍വ്വീസ് ലഭിച്ചു. ഗാസിയാബാദിലെ നാഷനല്‍ പോസ്റ്റല്‍ അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. മൂന്നാം തവണയാണ് 57ാം റാങ്കോട് കൂടി ഐഎഎസ് എന്ന സ്വപ്നസാക്ഷാത്കാരത്തിലെത്തിയത്. പാലക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചു. 2024 സെപ്റ്റംബര്‍ 9 ന് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു.