ഗാസയില്‍ സമാധാനം പുലരുന്നു; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിച്ചു. അമേരിക്ക,ഖത്തര്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഞായറാഴ്ച മുതല്‍ കരാര്‍ നിലവില്‍ വരും. ഇതോടെ പതിനഞ്ച് മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമാകുമെന്നാണ് പ്രതീക്ഷ. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകളാണ് വിജയം കണ്ടത്. കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച കരാര്‍ പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ത്താനി വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന 20ന് മുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്താന്‍ യുഎസ് സമ്മര്‍ദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടി നിര്‍ത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡന് പറഞ്ഞു. ഗസ്സ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ഗസയിലെങ്ങും ജനം ആഹ്ലാദ പ്രകടനം നടത്തി. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയക്കും.ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.
ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും.