നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി കേസ്; കല്ലറ പൊളിക്കാൻ പൊലീസ് എത്തി,തടഞ്ഞ് കുടുംബം
നെയ്യാറ്റിന്‍കര ഗോപന് സ്വാമി സമാധിക്കേസില്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസിന്റെ വന്‍ സന്നാഹമാണ് സ്ഥലത്തുള്ളത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാവര്‍ത്തിച്ച് കുടുംബം എതിര്‍പ്പുമായി രംഗത്തെത്തി . ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന് സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരിക്കുകയാണ്.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന് രാജസേനനും പ്രതികരിച്ചു.ക്ഷേത്ര സംരക്ഷണ സമിതി നേതാക്കളും സ്ഥലത്ത് എത്തി എതിര്‍പ്പ് അറിയിച്ചു. സ്ഥലത്ത് പരിശോധനക്ക് എത്തിയ പൊലീസിനോട് രണ്ട് വശവും കേള്‍ക്കണമെന്നാണ് കുടുംബത്തിന്റെയും അഭിഭാഷകരുടെയും ആവശ്യം.