‘മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ’; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

‘മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ’; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് റിപ്പോർട്ട്. മൃദംഗവിഷൻ പ്രവര്‍ത്തിക്കുന്നത് വയനാട് മേപ്പാടിയിലെ ഒരു ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫീസ് ബിൽഡിങ് ആണ് ഈ കടമുറി. കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാഥം’ പരിപാടി സംഘാടകരായിരുന്നു മൃദംഗവിഷൻ. സംഭവത്തില്‍ മൃദംഗവിഷനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൊച്ചിയില്‍ പന്ത്രണ്ടായിരം നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെതിരെയാണ് കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്. അരപ്പറ്റ സ്വദേശിയായ നിഗോഷ് രണ്ടു വർഷത്തോളമായി ജ്യോതിസ് കോംപ്ലക്സിൽ മൃദംഗ വിഷൻ ഓഫീസ് നടത്തുന്നുണ്ട്. ചെറിയ ഒരു ഓഫീസ് മുറി മാത്രമാണ് മേപ്പാടിയിലുള്ളത്. പ്രീമിയം ആര്‍ട്ട് മാഗസിൻ ഇൻ മലയാളം എന്ന ടാഗ് ലൈനോടെയാണ് മൃദംഗ വിഷന്‍റെ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫീസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.

നൃത്തപരിപാടിയുടെ സംഘാടനത്തിലെ പിഴവിന് പുറമേ ഗിന്നസ് റെക്കാ‍ർഡിന്‍റെ പേരിൽ നടന്ന പണപ്പിരിവ് കൂടിയാണ് പുറത്തുവരുന്നത്. 12000 നർത്തകരിൽ നിന്നായി മൂന്നുകോടിയോളം രൂപയാണ് സംഘാടകരായ മൃദംഗ വിഷൻ പിരിച്ചെടുത്തത്. എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതെല്ലാം. മൃദംഗ വിഷൻ എന്ന സ്ഥാപനത്തിനെതിരെ കൂടുതൽ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേര്‍ രംഗത്തെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )