മസ്ജിദുകളില്‍ ക്ഷേത്രം തേടേണ്ടെന്ന് മോഹന്‍ ഭാഗവത്; പരാമര്‍ശത്തില്‍ ഹിന്ദുമത നേതാക്കള്‍ക്ക് അതൃപ്തി

മസ്ജിദുകളില്‍ ക്ഷേത്രം തേടേണ്ടെന്ന് മോഹന്‍ ഭാഗവത്; പരാമര്‍ശത്തില്‍ ഹിന്ദുമത നേതാക്കള്‍ക്ക് അതൃപ്തി

മസ്ജിദ്-ക്ഷേത്രഭൂമി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെ വിമര്‍ശിച്ച് സന്ന്യാസി സഭ. അഖില ഭാരതീയ ശാന്ത് സമിതി ( എകെഎസ്എസ്) ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മതപരമായ കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കേണ്ടെന്നാണ് എകെഎസ്എസ് കടുപ്പിച്ച് പ്രസ്താവിച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കപ്പെട്ട് കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ സമാന വിവാദമുണ്ടാക്കരുതെന്ന് കാട്ടിയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ആര്‍എസ്എസ് സാംസ്‌കാരിക സംഘടന മാത്രമാണെന്നും മതപരമായ കാര്യങ്ങള്‍ ആത്മീയ നേതാക്കളാണ് തീരുമാനിക്കുന്നതെന്നും എകെഎസ്എസ് ജനറല്‍ സെക്രട്ടറി സ്വാമി ജിയേന്ദ്രാനന്ദ് പറഞ്ഞു.

മതപരമായ കാര്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതില്‍ തീരുമാനമെടുത്താന്‍ ആത്മീയ ഗുരുക്കളെ അനുവദിക്കണമെന്നാണ് എകെഎസ്എസ് ആവശ്യപ്പെടുന്നത്. മതസംഘടനകള്‍ രാഷ്ട്രീയ അജന്‍ഡകള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ജനഹിതം നോക്കിയാണെന്നും സ്വാമി ജിയേന്ദ്രാനന്ദ് പറഞ്ഞു. മതഗുരുക്കന്മാര്‍ എടുക്കുന്ന തീരുമാനം ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

56 ഇടങ്ങളില്‍ ക്ഷേത്രനിര്‍മാണം കണ്ടെത്തിയിട്ടുണ്ടെന്നും ഈ ചര്‍ച്ചകളില്‍ മതസമൂഹം സ്ഥിരമായ താത്പര്യമാണ് വച്ച് പുലര്‍ത്തേണ്ടതെന്നും സ്വാമി ജിയേന്ദ്രാനന്ദ് പറഞ്ഞു. ജഗദ്ഗുരുത രാമഭഗ്രാചാര്യ ഉള്‍പ്പെടെയുള്ള മതനേതാക്കളും മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സംഭല്‍ സംഘര്‍ഷത്തിന്റേയും ഷാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടേയും പശ്ചാത്തലത്തിലാണ് അയോധ്യയ്ക്ക് സമാനമായ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )