വീണ്ടും സര്‍ക്കാരിന് ഗവര്‍ണറോട് പിണക്കമോ? ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും ചടങ്ങില്‍ പങ്കെടുത്തു. വിവിധ മതമേലധ്യക്ഷന്മാര്, സാമുദായിക നേതാക്കള്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ മതമേലദ്ധ്യക്ഷന്മാര് അടക്കം 400 പേര്‍ക്കായിരുന്നു ക്ഷണം. വിരുന്നിനായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. നവംബര്‍ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍നിന്നു സര്‍ക്കാരിന് കത്തു നല്‍കിയതിനു പിന്നാലെ ഡിസംബര്‍ 13നാണ് തുക അനുവദിച്ചത്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നത്.
അതേസമയം കേരള സര്‍വകലാശാലയില്‍ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സെനറ്റ് കാമ്പസിലെ സെനറ്റ് ഹാളിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാമ്പസിന്റെ ഗേറ്റുകള്‍ ബലമായി തുറന്ന് പോലീസിന്റെ സുരക്ഷാ വലയം ഭേദിച്ചായിരുന്നു സെമിനാര്‍ ഹാളിനു പുറത്തേക്ക് പ്രവര്‍ത്തകര്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തതിനുള്ള കാരണം സര്‍ക്കാര്‍ ഉണ്ടാക്കിയ തടസങ്ങളാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ വിസിമാരെ നിയമിക്കാത്തത്? ആദര്‍ശ്, എവിനാള്‍, ജയകൃഷ്ണന്, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ഖാന് ശ്രമിച്ചുവെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ആരോപിച്ചു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലും നേതാക്കള്‍ ഗവര്‍ണറെ വിമര്‍ശിച്ചു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായും ഇടതുപക്ഷ സംഘടനകളുമായും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം എന്നതും ശ്രദ്ധേയമായിരുന്നു.
പ്രതിഷേധത്തിന് ഒടുവില്‍ സെമിനാര്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷുഭിതനായാണ് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും ഗവര്‍ണര്‍ കയര്‍ത്തു.