മെക് സെവനെതിരെ സമസ്ത പറഞ്ഞതിനെ ഏറ്റുപിടിച്ച പി മോഹനന്‍ കുടുങ്ങി. ഒന്നും ഉരിയാടാതെ സിപിഐഎം; പി മോഹനന്റെ പുതിയ വിശദീകരണം ഇങ്ങനെ
കോഴിക്കോട്: മെക് സെവനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മെക് സെവനെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. മതനിരപേക്ഷ ഉള്ളടക്കം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ചിലയിടങ്ങളില്‍ അത്തരക്കാര്‍ പരിശ്രമം നടത്തുന്നതാണ് സംശയം വരാന്‍ കാരണം. വ്യത്യസ്ത മത വിശ്വാസികള്‍ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമം നടത്തും. ഏതെങ്കിലും മതത്തിനെ പരാമര്‍ശിച്ചിട്ടില്ലെന്നും എല്ലാ വര്‍ഗീയതയേയും ചെറുക്കുമെന്നും പി മോഹനന്‍ പറഞ്ഞു.
മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പി മോഹനന്‍ നടത്തിയ പ്രസ്താവന. മെക് സെവനുമായി ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുള്ളതിനാല്‍ പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല.
സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുന്‍ മന്ത്രി അഹമദ് ദേവര്‍ കോവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്. അതേസമയം എ പി വിഭാഗം സമസ്തയുടെയും സിപിഐഎമ്മിന്റെയും നിലപാടുകളെ പൂര്‍ണ്ണമായും തള്ളുകയാണ് മെക് സെവന്‍. എല്ലാജാതി മതസ്ഥരും കൂട്ടായ്മയുടെ ഭാഗമാണെന്നും മതപരമായ ഒന്നും കൂട്ടായ്മയില്‍ ഇല്ലെന്നുമാണ് വിശദീകരണം.
മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവന്‍. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു. ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്.
മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്ലിം വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നുമാണ് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയാണ് പറഞ്ഞത്. മെക് സെവന് പിന്നില്‍ ചതിയാണ്. വിശ്വാസികള്‍ പെട്ടുപോകരുതെന്നും പേരോട് സഖാഫി പറഞ്ഞിരുന്നു. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കില്‍ എന്തിനാണ് ഇസ്ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.