പുഷ്പ 2 ഓൺലൈനിൽ; മണിക്കൂറുകൾക്കകം ചോർന്നത് എച്ച്.ഡി പതിപ്പ്
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകൾക്കകം എച്ച്.ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂൾ’ വ്യാഴാഴ്ചയാണ് റിലീസായത്. തുടർന്ന് വ്യാജ പതിപ്പ് ഓൺലൈനിൽ വന്നത് സിനിമാരംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ചിത്രം ചോർന്നത് അനധികൃത വെബ്സൈറ്റുകളായ തമിഴ്റോക്കേഴ്സ്, മൂവീറൂൾസ്, ഫിൽമിസില്ല തുടങ്ങിയവയിലൂടെയാണ്. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം വലിയ രീതിയിൽ ബാധിച്ചേക്കും. അതേസമയം ബിഗ് സ്ക്രീനിൽ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് തന്നെ പൂർണമായിക്കഴിഞ്ഞു.
അതിനിടയിൽ ടിക്കറ്റ് നിരക്ക് വലിയ രീതിയിൽ ഉയർത്തിയതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതല്ല ഈ നിരക്ക് വർധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്താൻ അനുമതി നൽകിയ ആന്ധ്ര സർക്കാരിനോട് അല്ലു അർജുൻ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്റെ ഉയർച്ചക്ക് ഇത് ഏറെ സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.
12,000 സ്ക്രീനുകളിലാണ് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ്. ഇതിനകം തന്നെ പുഷ്പ്പ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.