അങ്കണവാടിയിൽ നിന്നും പരിക്കേറ്റ സംഭവം; നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ അച്ഛൻ

അങ്കണവാടിയിൽ നിന്നും പരിക്കേറ്റ സംഭവം; നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ അച്ഛൻ

തിരുവനന്തപുരം: അങ്കണവാടിയിലേക്കയച്ച മൂന്ന് വയസുകാരി ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ അച്ഛൻ രതീഷ്. കുട്ടിയെ അയച്ച അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും രതീഷ് പറഞ്ഞു. അതേസമയം കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു.

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റത്. അതേസമയം കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സംഭവത്തില്‍ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയുമാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം നടന്നത്..

മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയിൽ നിന്നും വ്യാഴായ്ച്ച വൈകുന്നേരം പതിവ് പോലെ വീട്ടിലേക്ക് അച്ഛൻ കൂട്ടികൊണ്ടുവന്നു. എന്നാൽ തിരിച്ചു വന്ന കുഞ്ഞ് തീർത്തും ക്ഷീണിതയായിരുന്നു. തുടർന്ന് അൽപ്പ സമയത്തിന് ശേഷം കുട്ടി നിർത്താതെ ഛർദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെത്തന്നെ കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. വീഴ്ച്ചയിൽ കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )