സിദ്ദിഖിന് ഇന്ന് നിർണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ; ജാമ്യം നല്‍കരുതെന്ന് സർക്കാർ

സിദ്ദിഖിന് ഇന്ന് നിർണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ; ജാമ്യം നല്‍കരുതെന്ന് സർക്കാർ

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം.

കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്ഐടിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിന്റെ അഭിഭാഷകന്‍ പരാതിക്കാരിയെ തിയേറ്ററില്‍ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്ന് വ്യക്തമാക്കി.

കേസില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലം. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.

ബലാത്സംഗ കേസില്‍ തനിക്കെതിരേ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്നാണ് തന്റെ അറിവെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

പരാതി നല്‍കാന്‍ എട്ട് വര്‍ഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിക്കുന്നു. പരാതി നല്‍കിയ വ്യക്തി 2019 ലും 2020 ലും ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിലിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ അല്ല ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ആരാഞ്ഞിട്ടുണ്ട്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )