ഇടുക്കിയിൽ ജലവിമാനമിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിൽ; വനംവകുപ്പിൻ്റെ കത്ത് പുറത്ത്
ഇടുക്കി: ഇടുക്കി മാട്ടുപ്പെട്ടിയില്‍ ജലവിമാനം പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്നും ഈ പ്രദേശത്ത് സീ പ്ലെയിന്‍ സര്‍വ്വീസ് നടത്തിയാല്‍ മനുഷ്യ -മൃഗ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. സേര്വ്വീസിന് അനുമതി നല്‍കരുത്തെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. സീ പ്ലെയിന്‍ സര്‍വ്വീസിന്റെ പരീക്ഷണ ലാന്‍ഡിംഗുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം വനംവകുപ്പിന് അയച്ച കത്തിന് നല്കിയ മറുപടിയിലാണ് മാട്ടുപ്പെട്ടിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെക്കുറിച്ച് വനംവകുപ്പ് അക്കമിട്ട് ആശങ്കയറിച്ചത്. പാമ്പാടുംചോല, ആനമുടിച്ചോല തുടങ്ങിയ ദേശീയോദ്യാനങ്ങള്‍, കുറിഞ്ഞിമല സങ്കേതം എന്നിവയുള്‍പ്പെടുന്ന അതീവ പരിസ്ഥിതി ലോലമേഖലയാണ് മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം.
വംശനാശഭീഷണി നേരിടുന്ന നിരവിധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കാട്ടാനകള്‍ സ്ഥിരമായി കടന്നുപോകുന്ന മേഖലകൂടിയായ പ്രദേശം മാറ്റി നിര്‍ത്തി വേണമെങ്കില്‍ സീ പ്ലെയിന്‍ സര്‍വ്വീസ് തുടങ്ങാമെന്നും ഇതിന് നിര്‍ബന്ധമായും ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരമുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നുമാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതി ലോലമേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റള്ളവില്‍ സീപ്ലെയിന്‍ പോലുള്ള വിനോദോപാധികള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വിമാനത്തിന്റെ ശബ്ദം പോലും വന്യജീവികള്‍ക്ക് പ്രകോപനമുണ്ടാകാന്‍ കാരണമാകും. കുറിഞ്ഞിമല സങ്കേതത്തിലേക്കും ആനമുടിച്ചോലയിലേക്കും വെറും മൂന്നരകിലോമീറ്റര്‍ മാത്രമേ മാട്ടുപ്പെട്ടിയില്‍ നിന്ന് ആകാശദൂരമുള്ളൂ എന്നിരിക്കെ ഇതുപോലും പരിഗണിക്കാതെയുളള ബൃഹത് പദ്ധതി എന്തിനുവേണ്ടിയെന്ന ചോദ്യമാണ് ഉയരുന്നത്.