തുടക്കം റമ്മിയിൽ, ആരതി ഉപയോഗിച്ചിരുന്നത് അഞ്ച് ലോൺ ആപ്പുകൾ, അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: വേങ്ങൂരിൽ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. ലോൺ എടുക്കുന്നതിനുവേണ്ടിയുള്ള പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ ലോണ്‍ ആപ്പ് മാഫിയ ഭീഷണിപ്പെടുത്തിയത്. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ചോളം ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ലോൺ ആപ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മി കളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ പണം കടമെടുക്കാന്‍ തുടങ്ങിയത്. പതിനായിരത്തില്‍ താഴെ ലോണാണ് ആരതി എടുത്തത്. ഒരു ലക്ഷം രൂപ ലോണിനു വേണ്ടിയായി പിന്നീടുള്ള ശ്രമം. പ്രോസസിങ് ഫീസായി പതിനായിരം രൂപ നല്‍കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരിച്ചു ചോദിച്ചതിനു പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.
മുൻപ് എടുത്ത ലോണുകൾ പെട്ടെന്ന് അടച്ചു തീർക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചു തുടങ്ങി. ആരതിയുടെ ഭർത്താവിന് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് വിവരം. റമ്മി കളിച്ച് പണം ലഭിച്ച കാര്യം മാത്രമാണ് ആരതി പറഞ്ഞിരുന്നത്. പ്രദേശവാസികളിൽ നിന്നും യുവതി പണം കടംവാങ്ങിയിരുന്നു.