തൻ്റെ ബീജം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ; വാഗ്ദാനവുമായി ടെലഗ്രാം സിഇഒ
തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പവൽ ദുറോവ്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായുള്ള ചേർന്നാണ് അദ്ദേഹം ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നത്.
പ്രശസ്തനായ സംരംഭകൻ പവേൽ ദുറോവിൻ്റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം നൽകുമെന്നും അൾട്രാവിറ്റിയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള പ്രക്രിയ ലളിതവും എന്നാൽ തിരഞ്ഞെടുക്കപ്പെട്ടതുമാണ്. താത്പര്യമുള്ള സ്ത്രീകൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ എടുക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെ കുറിച്ച് വിശദീകരിക്കും. ആവശ്യമായ പരിശോധനകൾ നടത്തുകയും ശേഷം യോഗ്യത നിർണ്ണയിക്കുകയും ചെയ്യുമെന്ന് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. 37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെ ഇതിനായി പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
15 വർഷത്തിനിടെ തനിക്ക് ‘100-ലധികം കുട്ടികൾ (ബയോളജിക്കൽ ചില്‍ഡ്രന്‍)’ ഉണ്ടെന്ന് ഡുറോവ് ടെലിഗ്രാമിലെ ഒരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ബീജദാനത്തിലൂടെയാണ് കുട്ടികൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.