‘ഞാന്‍ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പൊലീസ് പരാതിയിലില്ലാത്ത കാര്യങ്ങള്‍ പറയുന്നു’; സിദ്ദിഖ് സുപ്രീം കോടതിയില്‍
ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥന് പുതിയ കഥകള്‍ ചമയ്ക്കുകയാണെന്നും, ഇതൊന്നും പരാതിയിലില്ലെന്നും സിദ്ദിഖ് പറഞ്ഞു. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണം നിലനിൽക്കില്ലെന്നും, തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകളാണ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് എതിർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് നാളെ സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖിന്റെ സത്യവാങ്ങ്മൂലം. തനിക്ക് ജാമ്യം നല്കിയാല് ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എട്ടര വര്‍ഷം കാലതാമസമുണ്ടായതില്‍ പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു