പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും. രാവിലെ സുല്‍ത്താന്‍ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി രാവിലെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കല്പറ്റയില് സത്യന് മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണവും കല്‍പ്പറ്റയിലാണ് സമാപിക്കുക.
വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ്റ്റാന്‍ഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.
അതേസമയം ചേലക്കരയിലും വയനാടും ഇന്ന് കൊട്ടിക്കലാശം നടക്കുമ്പോള്‍ പാലക്കാട് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടരും. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തും . കെ മുരളീധരനും ഇന്ന് മണ്ഡലത്തില്‍ തുടരും. രാവിലെ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലാണ് മുരളീധരന് പങ്കെടുക്കുക. കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ട്രാക്ടര്‍ റാലിയും നടക്കും. നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന്റെ പ്രചരണ പരിപാടികള്‍ . ബിജെപി സ്ഥാനാര്‍ത്ഥിയുടെ കുടുംബയോഗങ്ങളും ഇന്ന് നടക്കും. കെ. സുരേന്ദ്രനും കുടുംബയോഗങ്ങളില്‍ പങ്കെടുക്കും.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യുഡിഎഫും എന്‍ഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന് ഉദ്ഘാടനം ചെയ്യും. നെല്ലിന്റെ സംഭരണം പാളിയതടക്കം കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നടന് കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.