ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’. ഹാജരാകാതെ ‘വ്യാജ ഹാജർ’ ; എൻ പ്രശാന്ത് ഐഎഎസിനെതിരെ റിപ്പോർട്ട്

ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’. ഹാജരാകാതെ ‘വ്യാജ ഹാജർ’ ; എൻ പ്രശാന്ത് ഐഎഎസിനെതിരെ റിപ്പോർട്ട്

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രശാന്തിനെതിരെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’ എടുക്കുകയായിരുന്നു.മാസത്തില്‍ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പ്രശാന്ത് ‘ഉന്നതി’യുടെ സി.ഇ.ഒ. ആയിരിക്കെ സുപ്രധാന ഫയലുകള്‍ കാണാതായെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു. അവധി ദിവസങ്ങളില്‍ ജോലിചെയ്തു എന്നുകാണിച്ച് മറ്റൊരുദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അവധിക്ക് അര്‍ഹതയില്ല. വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകള്‍ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നല്‍കും. പല ഫയലുകളിലും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നുകാണിച്ച് സ്വന്തംനിലയില്‍ ഒപ്പുവെക്കും. യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചാലും അനുസരിക്കാറില്ല.

കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് പ്രശാന്തിന്റെ ‘ഓണ്‍ഡ്യൂട്ടി’ അപേക്ഷ. എന്നാല്‍, ഈ ദിവസങ്ങളില്‍ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കി. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല. പലമാസങ്ങളിലും പത്തില്‍ത്താഴെയാണ് ഹാജറെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )